Logo

 

പി.കെ. മുഹമ്മദ് മദനി അന്തരിച്ചു

3 June 2025 | Obituary

By

ഇസ്‌ലാഹി പണ്ഡിതനും നേതാവുമായിരുന്ന പി. കെ. മുഹമ്മദ് മദനി (83) ഇന്ന് കാലത്ത് നിര്യാതനായി. ആലപ്പുഴ ജില്ലയിലെ വടുതല-അരൂക്കുറ്റി സ്വദേശിയാണ്. കേരള ജംഇയത്തുൽ ഉലമാ നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചിരുന്ന അദ്ദേഹം കേരളാ നദ്‌വത്തുൽ മുജാഹിദീന്റെ സംസ്ഥാന, ജില്ലാ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്.
1946-ൽ സ്ഥാപിക്കപ്പെട്ട വടുതല നദ്‌വത്തുൽ ഇസ്‌ലാം മദ്റസയുടെ ആദ്യ ബാച്ചിലെ വിദ്യാർത്ഥിയായിരുന്നു. കേരള മുസ്‌ലിം ഐക്യസംഘം, കേരള ജംഇയ്യത്തുൽ ഉലമാ എന്നീ സംഘടനകളുമായും മാഹിൻ ഹമദാനി തങ്ങൾ, മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജി, കെ. എം. മൗലവി, എം. സി. സി. അബ്ദുറഹ്‌മാൻ മൗലവി എന്നിവരുമായും വടുതലക്ക് സമ്പർക്കമുണ്ടായിരുന്നു. 1954-ൽ മദ്റസയിൽ പ്രധാനാധ്യാപകനായി വന്ന എൻ.കെ. അഹ്‌മദ്‌ മൗലവി വടുതലയിലും പരിസര പ്രദേശങ്ങളിലും ഇസ്‌ലാഹി പ്രവർത്തനത്തിന് ഊർജ്ജം പകർന്നു. 1957-ൽ എൻ.കെ. അഹ്‌മദ് മൗലവി വടുതലയിലെ സേവനം അവസാനിപ്പിച്ച് ചൊക്ലി ഹൈസ്കൂളിൽ അധ്യാപകനായി പോവുമ്പോൾ മദ്റസയിലെ 8 വിദ്യാർത്ഥികൾക്ക് അദ്ദേഹത്തിന്റെ പിന്തുണയിൽ ഉന്നത മത വിദ്യാഭ്യാസത്തിനായി പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജിൽ പ്രവേശനം ലഭിക്കുകയുണ്ടായി. പി. കെ. മുഹമ്മദ് മദനി അവരിലൊരാളായിരുന്നു. എം. സി. സി. അബ്ദുറഹ്‌മാൻ മൗലവി, പി. പി. ഉണ്ണി മുഹ്യുദ്ദീൻ കുട്ടി മൗലവി, പി. എൻ. മുഹമ്മദ് മൗലവി, കെ. സി. അലവി മൗലവി, എം. ആലിക്കുട്ടി മൗലവി, ടി. പി. അബൂബക്കർ മൗലവി, പി. പി. അബ്ദുൽ ഗഫൂർ മൗലവി, കുഞ്ഞഹമ്മദ് മൗലവി എന്നിവർ മദീനത്തുൽ ഉലൂമിലെ അദ്ദേഹത്തിന്റെ അധ്യാപകരായിരുന്നു. 1962-ൽ അഫ്ദലുൽ ഉലമാ മദനി ബിരുദം നേടിയ ശേഷം കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ അറബിക് കോളേജിൽ അധ്യാപകനായി. 1966-ൽ സ്ഥാപിക്കപ്പെട്ട വടുതല ജമാഅത്ത് സ്കൂളിന്റെ ആരംഭത്തിൽ തന്നെ അറബി അധ്യാപകനായ അദ്ദേഹത്തിന് വടുതലയിലും പരിസരങ്ങളിലും നിരവധി ശിഷ്യഗണങ്ങളുണ്ട്. കൈപ്പമംഗലം ബുസ്താനുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്


Tags :


mm

Admin