
ചതിക്കാത്ത കൂട്ടുകാരനെ ഒപ്പം ചേര്‍ത്തു നടക്കാം
31 October 2024 | സാരസാഗരം
മാരകമായ ആയുധമാണ് മൗനം!
ക്രുദ്ധമായ ചുട്ട
മറുപടിയേക്കാള്‍ ആഘാതം സൃഷ്ടിക്കാന്‍ ഒരാളുടെ
മൗനത്തിനാകും!
മൗനത്തിന്റെ മഹത്വമോതുന്ന, ഇമാം ശാഫീഈ (റ) യുടെ പ്രസിദ്ധമായ
ചില കാവ്യശകലങ്ങളുണ്ട്. അവയുടെ ആശയം ഇപ്രകാരമാണ്:
“വിഡ്ഢി എന്നോട് ആക്ഷേപകരമായി സംസാരിക്കുന്നു, വിഡ്ഢി
അവന്
മറുപടി നല്കാന് എനിക്കിഷ്ടമല്ല!
അവന് ഏറെ
വിഡ്ഢിത്തം പുലമ്പട്ടെ;
എനിക്ക് വിവേകിയാകാനേ കഴിയൂ;
തീപിടിപ്പിക്കുംതോറും
സുഗന്ധം പരത്തുന്ന ചന്ദനം പോലെ!”
“അവിവേകിക്ക് നീ മറുപടി നല്‍കരുത്,
അവന്
മറുപടിനല്കുന്നതിനേക്കാള് ഉത്തമം മൗനമാണ്
നീയവനോട്
സംസാരിച്ചാല്‍ അവനില്‍ നിന്ന് ആശ്വാസം
കിട്ടുമായിരിക്കും
പക്ഷെ, നീയവന്റെ പാട്ടിനുവിട്ടാല്‍
നിരാശയാല്‍ അവന് സ്വയം നശിക്കും!”
“ഇത്രമേല്‍ ആക്ഷേപിക്കപ്പെട്ടിട്ടും താങ്കള്‍
മൗനിയാണല്ലൊ
എന്ന് ആളുകള്‍ പറയുന്നു.
ഞാന്‍
പറയട്ടെ;
ചില മറുപടികള്‍ തിന്മയുടെ വാതില്‍
തുറക്കാനുള്ള താക്കോലാണ്
വിഡ്ഢിയോടും അവിവേകിയോടും
മൗനിയാകുക എന്നത് മാന്യതയാണ്
അത് അഭിമാന സംരക്ഷണത്തിന്
നല്ലതാണ്
സിംഹങ്ങള്‍ നിശ്ശബ്ദമായിരിക്കുമ്പോഴും
ആളുകള്ക്കവയെ പേടിയാണ്;
നായകള്‍ എത്ര കുരച്ചാലും
ആളുകള്ക്കവയെ പുച്ഛമായിരിക്കും!”
ഇത് മറുപടികളുടെ കാലമാണ്. നേര്‍ക്കുനേര്‍ നിന്ന്
കൊണ്ട്, മൈക്കിനുമുന്നില്‍ പ്രലപിച്ചുകൊണ്ട്, സോഷ്യല്‍
മീഡിയയില്‍ എഴുതിക്കൊണ്ട്, തനിക്കെതിരെ വരുന്ന
ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാത്തവന്,
എഴുതാത്തവന്, ഒന്നിനും കൊള്ളാത്തവനെന്ന ധാരണയാണ്
പലര്‍ക്കും. അതു കൊണ്ടുതന്നെ വാക്പയറ്റുകളാല്
അന്തരീക്ഷം മലീമസമാണ്! അന്യോന്യം ആക്ഷേപ-പ്രത്യാക്ഷേപം
നടത്തുന്നവരില്‍, ആരാണ് വിഡ്ഢി ആരവിവേകി എന്നറിയാന്‍
കഴിയാത്തവിധം സങ്കീര്‍ണ്ണമാണ്!
ആക്ഷേപിക്കപ്പെട്ടവന്‍ നിശ്ശബ്ദനായാലും ചില
ഫാന്സുകളുണ്ട്. അവര്‍ അയാള്‍ക്കു വേണ്ടി
ചിലച്ചുകൊണ്ടിരിക്കും. രാഷ്ട്രീയത്തിലെ, സിനിമയിലെ,
മതനേതൃത്വത്തിലെയെല്ലാം തങ്ങള്‍ക്കിഷ്ടപ്പെട്ട
ഐക്കണുകള്‍ക്കു വേണ്ടി നാവും പേനയുമെടുത്ത് പോരടിക്കുന്ന
ആരാധകവൃന്ദം!
ചരിത്രത്തിലെ ഒരു സംഭവം ഓര്‍മ്മ വരുന്നത് ഇവിടെയാണ്.
ഉമര്‍ ബ്ന് അബ്ദില്‍ അസീസ് ഖിലാഫത്ത് ഏറ്റെടുത്ത
ദിവസം. അത്താഴ സമയത്ത് തന്റെ സേവകനോടൊപ്പം അദ്ദേഹം
പള്ളിയിലേക്ക് നടക്കുകയായിരുന്നു. വഴിയരികില്‍
കിടന്നുറങ്ങുകയായിരുന്ന ഒരു മനുഷ്യന്റെ മേല്‍
നടക്കുന്നതിനിടയില്‍ അദ്ദേഹം അറിയാതെ ചവിട്ടിപ്പോയി.
ഞെട്ടിയുണര്‍ന്ന
അയാള്‍ ദേഷ്യത്തോടെ ചോദിച്ചു: “എന്താ, ഭ്രാന്തനാണൊ
നീ?”
ഉമര്‍ ബ്നു അബ്ദില്‍ അസീസ്
സൗമ്യനായി പറഞ്ഞു: “അല്ല.”
പക്ഷെ, ആ
മനുഷ്യന്റെ ചോദ്യം അദ്ദേഹത്തിന്റെ സേവകനെ വല്ലാതെ
കോപാകുലനാക്കി. അയാള്‍ ആ മനുഷ്യനെ പ്രഹരിക്കാനായി
മുന്നോട്ടാഞ്ഞു. അപ്പോള്‍ ഉമര്‍ ബ്ന്
അബ്ദില്‍ അസീസ് തന്റെ സേവകനെ തടഞ്ഞുകൊണ്ടു പറഞ്ഞു:
“ഭ്രാന്തനാണൊ
എന്ന് അയാള്‍ എന്നോടല്ലെ ചോദിച്ചത്? അല്ല എന്ന് ഞാന്‍
മറുപടിയും നല്കിയല്ലൊ?”
അദ്ദേഹം തന്റെ
സേവകനേയും കൂട്ടി പള്ളിയിലേക്ക് നടന്നു! (കിതാബുല്‍
ജാമിഅ്, 2/425)
നിശ്ശബ്ദമാകേണ്ടിടത്ത് താന്‍ നിശ്ശബ്ദനാകുമ്പോള്‍,
തനിക്കുവേണ്ടി ശബ്ദിക്കുന്ന കൂടെയുള്ളവരെ നിയന്ത്രിക്കാന്‍
നേതാക്കള്‍ക്കാകണം എന്ന് ഈ ചരിത്രം
ബോധ്യപ്പെടുത്തുന്നുണ്ട്. അല്ലെങ്കില്‍ അവിവേകികളായവരുടെ
ശബ്ദങ്ങളും നേതാക്കളുടെ ശബ്ദമായി വ്യാഖ്യാനിക്കപ്പടും.
വിമര്‍ശിക്കപ്പെടുകയും ചെയ്യും.
പ്രവാചക ജീവിതത്തിലെ ഒരു അനുഭവം വായിച്ചു നോക്കുക. നബി (സ്വ)
സ്വഹാബികളോടൊപ്പം ഇരിക്കുകയാണ്. കൂട്ടത്തില്‍ അബൂബക്കർ (റ)
വുമുണ്ട്. ആ സമയം അവിടേക്കൊരാള്‍ കടന്നു വന്നു.
അയാള്‍ അകാരണമായി അബൂബക്കറിനെ ആക്ഷേപിക്കാന്‍ തുടങ്ങി.
അബൂബക്കര്‍ (റ) നിശ്ശബ്ദനായി. വന്നയാള്‍ വീണ്ടും
അബൂബക്കറിനെ ചീത്തവിളിച്ചു. അപ്പോഴും അബൂബക്കര്‍ (റ)
നിശ്ശബ്ദത പാലിച്ചു. വീണ്ടും ആഗതന് ആക്ഷേപം
തുടര്‍ന്നപ്പോള്‍, സഹിക്കവയ്യാതെ അബൂബക്കര്‍ (റ)
അയാള്‍ക്ക് മറുപടി നല്കാന് തുടങ്ങി.
ഇതൊക്കെയും കണ്ടും കേട്ടും അവിടെയുണ്ടായിരുന്ന പ്രവാചകന്
(സ്വ), അബൂബക്കര്‍ മറുപടി പറഞ്ഞു തുടങ്ങിയപ്പോള്‍
സദസ്സില്‍ നിന്നും എഴുന്നേറ്റുപോയി. പുറകെ അബൂബക്കറും
ചെന്നു.
“നബിയേ, എന്റെ മറുപടിയില്‍ കോപിഷ്ഠനായിട്ടാണൊ അങ്ങ്
സദസ്സുവിട്ട് ഇറങ്ങിയത്?” അബൂബക്കര്‍ (റ) അടുത്തു
ചെന്നു ചോദിച്ചു.
പ്രവാചകന് (സ്വ) പറഞ്ഞു: “അബൂബക്കര്‍, ആ
മനുഷ്യന് നിനക്കെതിരെ ആക്ഷേപങ്ങള്‍ പറയുമ്പോഴെല്ലാം
ആകാശത്തു നിന്നും ഇറങ്ങി വന്ന മലക്ക്, അവന് പറയുന്നത്
കളവാണെന്ന് മറുപടി നല്കുന്നുണ്ടായിരുന്നു. പക്ഷെ,
നീയവന് മറുപടി പറഞ്ഞു തുടങ്ങിയപ്പോള്‍ മലക്ക് പോകുകയും
അവിടെ പിശാച് ഇറങ്ങിയെത്തുകയും ചെയ്തു. പിശാചെത്തിയിടത്ത്
ഇരിക്കാന്‍ എനിക്ക് ആകുമായിരുന്നില്ല,
അബൂബക്കര്‍.” (അബൂദാവൂദ്)
പ്രവാചക ജീവിതത്തിലെ ഒരു സംഭവം കൂടി വായിക്കുക.
ഉമ്മുല്‍
മുഅ്മിനീന്‍ ആയിഷ (റ) യാണ് സംഭവം വിവരിക്കുന്നത്. ഒരു
ദിവസം പ്രവാചകനരികിലൂടെ കുറച്ചു ജൂതന്മാര് നടന്നുപോയി.
അദ്ദേഹത്തെ അഭിവാദ്യം ചെയ്ത് കൊണ്ട് അവര്‍ പറഞ്ഞു:
‘അസ്സാമു അലൈക്കും’. ‘നിനക്ക് ദൈവം മരണം
വിധിക്കട്ടെ’ എന്ന് സാരം.
അതിന് നബി(സ്വ),
“വഅലൈക്കും” എന്ന് മാത്രം മറുപടി നല്‍കുകയും
ചെയ്തു.
പക്ഷെ, പ്രവാചകന് മരണത്തിനായി പ്രാര്‍ത്ഥിച്ച
പ്രസ്തുത ആളുകളോട് ആയിഷ(റ) വല്ലാതെ ദേഷ്യപ്പെട്ടു. അവര്‍ ആ
ആളുകളോടായി പറഞ്ഞു: “നിങ്ങള്‍ക്ക് മരണം
സംഭവിക്കട്ടെ. അല്ലാഹു നിങ്ങളെ ശപിക്കുകയും നിങ്ങളോട്
കോപിക്കുകയും ചെയ്യട്ടെ.”
ആ സമയം നബി(സ്വ) പറഞ്ഞു:
“സമാധാനപ്പെടൂ ആയിഷാ, സൗമ്യത പൂലര്ത്തുക. പരുഷതയോ
ആക്ഷേപ വാക്കുകളൊ നല്ലതല്ല.”
ആയിഷ(റ) ചോദിച്ചു:
“അവര്‍ പറഞ്ഞതെന്താണെന്ന് താങ്കള്‍
കേട്ടതല്ലെ?”
നബി(സ്വ) പറഞ്ഞു: “ഞാന്‍
അവരോട് പറഞ്ഞത് നീയും കേട്ടതല്ലെ, ആയിഷാ? അവര്‍ക്കു വേണ്ട
മറുപടി ഞാന്‍ നല്കിയിട്ടുണ്ടല്ലൊ!” (ബുഖാരി)
ആളുകളുടെ എല്ലാ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും
വായതുറന്ന മറുപടി വേണ്ടതില്ല. വായമൂടിയ മൗനം തന്നെയാണ്
അഭികാമ്യം.
മൗനം കൊണ്ട് ശാന്തമാകുമായിരുന്ന എത്രയെത്ര
പ്രശ്നങ്ങളാണെന്നൊ, നമ്മുടെ കുടുംബത്തിലും,
കൂട്ടുകാരിലും, സഹപ്രവര്ത്തകരിലുമൊക്കെ
സങ്കീര്‍ണ്ണതകളും കലഹങ്ങളും തീവ്രമാക്കിയിരിക്കുന്നത്!
“ഛെ; മിണ്ടാതിരുന്നാല്‍ മതിയായിരുന്നു” എന്ന്
എത്രയെത്ര സംഭവങ്ങളില്‍ നമുക്ക് ഖേദിക്കേണ്ടി
വന്നിട്ടുണ്ട്! “വിവേകിയുടെ നാവ് അവന്റെ ഹൃദയത്തിനു
പിന്നിലാണ്, വിഡ്ഢിയുടെ ഹൃദയം അവന്റെ നാവിന്റെ
പിന്നിലായിരിക്കും”, എന്നൊരു ചൊല്ലുണ്ട്. ആലോചിച്ചു
പറയുന്നവനും പറഞ്ഞതിനു ശേഷം ആലോചിക്കുന്നവനും തമ്മിലുള്ള
വ്യത്യാസം പഠിപ്പിക്കുകയാണ് പ്രസ്തുത ചൊല്ല്. “ഒരിക്കലും
ചതിക്കാത്ത കൂട്ടുകാരന് മൗനം മാത്രമാണ്”, എന്നൊരു
അറബിച്ചൊല്ലുകൂടിയുണ്ട്.
നല്ലതു പറയാന്‍ മാത്രം നാവെടുക്കുന്ന ശീലമാണു
മുസ്ലിമിനു വേണ്ടത്.
അബൂഹുറയ്റ (റ) നിവേദനം.
“അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവന്
നല്ലതു പറയട്ടെ. അല്ലെങ്കില്‍ മൗനമവലംബിക്കട്ടെ.”
(ബുഖാരി, മുസ്ലിം)